ചങ്ങനാശേരി: ഭോപ്പാലില്‍ നടന്ന ദേശീയ ശാസ്ത്രമേളയില്‍ ചങ്ങനാശേരി എസ് ബി ഹയര്‍ സെക്കന്‍ഡറി സ്കൂളിന് അഭിമാന നേട്ടം. സ്കൂളിലെ വിദ്യാര്‍ഥികളായ ആരോണ്‍ ജോസഫ് അലക്സ്, പവന് രാജ് എന്നിവര്‍ അധ്യാപകന് ജിബിന്‍ കെ സേവ്യറിന്റെ നേതൃത്വത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് ദേശീയ പുരസ്കാരവും പ്രശസ്തിപത്രവും ഏറ്റുവാങ്ങി.
തിരമാലകളില്‍നിന്ന് ഊര്‍ജം ഉപയോഗിച്ച് വൈദ്യുതി ഉല്പാദിപ്പിക്കുന്ന വേവ് എന്‍ജി ജനറേറ്റര്‍ എന്ന ഉപകരണമാണ് വിദ്യാര്‍ഥികള്‍ മേളയില്‍ അവതരിപ്പിച്ചത്. പരിസ്ഥിതി സൗഹൃദമായ ഈ ഉപകരണം അതിന്റെ സാങ്കേതിക പുതുമകൊണ്ടും പ്രായോഗിക സാധ്യതകള്കൊണ്ടും ദേശീയ ശ്രദ്ധ പിടിച്ചുപറ്റി. കേരളത്തിലെ ബാല ശാസ്ത്രജ്ഞര്‍ക്ക് ദേശീയതലത്തില്‍ ലഭിച്ച ഈ അംഗീകാരം എസ് ബി സ്കൂളിന്റെ ശാസ്ത്ര വിദ്യാഭ്യാസരംഗത്തെ മികവിന്റെ സാക്ഷ്യപത്രമായി മാറി.
തുരുത്തി സ്വദേശികളായ ഞാറപറമ്പില്‍ നോബിന് അലക്സിന്റെയും ജോമിനാ ജോയിയുടെയും മകനാണ് ആരോണ്‍ ജോസഫ് അലക്സ്. ചങ്ങനാശേരി സ്വദേശികളായ കറുകശേരിയില്‍ രാജ്കുമാര് ദേവരാജനും സൗമ്യ രാജുമാണ് പവന് രാജിന്റെ മാതാപിതാക്കള്‍. കുട്ടികളിലെ ശാസ്ത്രീയ ചിന്തയും ഗവേഷണാത്മക സമീപനവും വളര്‍ത്തിയെടുക്കുന്നതില്‍ ഇവരുടെ മാതാപിതാക്കളുടെ ശാസ്ത്രാരുചിയും തുടര്‍ച്ചയായ പിന്തുണയും വലിയ പ്രചോദനമായി മാറിയതായി അധ്യാപകര്‍ പറയുന്നു.